Thursday, 17 March 2011

തനിയെ...

ഇവിടെ ഞാനൊറ്റയാകുന്നു, മരണമേ...
മരുഭൂവിലലയുന്ന തെന്നല്‍ പോലെ
പരിമളം പകരുന്ന പൂക്കളും, കാറ്റുമെന്‍
അരികത്ത് കൂട്ടിനില്ലാതെ

നീര്‍വറ്റി ഒഴുകുന്ന പുഴയുടെയോരത്ത്
നീറുന്ന നെഞ്ചുമായ്  ഞാനിരിക്കേ
അറിയുന്നു ഇരുള്‍ മൂടി അകലുമീ പാതയില്‍
ഈ രാവുപോലെ ഞാനേകയെന്ന്

അന്ധകാരത്തിന്റെ ആ കൊടുംകാട്ടിലായ്
മിന്നുന്ന മിന്നാമിനുങ്ങു കുഞ്ഞും
ചെളിയിലെ നറുമണം തൂകുന്ന താമര
പൂവുമീ ഭൂവിതിലൊറ്റയല്ലേ

മാറിലെ ചൂടേകി മാമൂട്ടി കുഞ്ഞിനെ
താരാട്ടുപാടി ഉറക്കിയ അമ്മയും
ജീവിതപ്പാതയില്‍ അവസാന മാത്രയില്‍
മരണക്കിടക്കയിലേകയല്ലേ

സങ്കല്പവര്‍ണ്ണങ്ങള്‍ ചാലിച്ചു നിന്‍‌മനം
കൊഞ്ചിച്ച പ്രണയസ്വപ്നങ്ങളാം പൂക്കളും
വഴിയിലെങ്ങോ കൊഴിഞ്ഞില്ലാതെയായി നീ
തനിയെയാണീ ഭൂവിലേകയാണ്

എരിയുന്ന തിരികളും വിടരുന്ന പൂക്കളും
മാനത്തു നിറയുന്ന മേഘങ്ങളും
അവസാന മാത്രയില്‍ അടിതെറ്റിയറിയാതെ
ആ കല്ലറക്കുള്ളിലേകരാവും

വെയിലേറ്റു വാടുന്ന ഇലകളേ, പൂക്കളേ
മരുപ്പച്ച തേടുന്ന പതയാത്രികാ
പിറവിതൊട്ടവസാനമാകും വരെ നമ്മ-
ളേവരും ഈ ഭൂവിലേകരാണ്

ഒരു കൊച്ചു കുഞ്ഞിന്റെ പുഞ്ചിരിയില്ലാതെ
മഴയുടെ മൌനമാം  സംഗീതമില്ലാതെ
കണ്ണുനീരൊപ്പുവാന്‍ തൂവാലയില്ലാതെ
ഒടുവില്‍ ഞാനൊറ്റയാകുന്നു മരണമേ
ഇവിടെ ഞാനേകയാകുന്നു.

10 comments:

  1. ബൂലോകത്തെ എന്റെ ആദ്യകവിത സമര്‍പ്പിക്കുന്നു.

    ReplyDelete
  2. പിറവിതൊട്ടവസാനമാകും വരെ നമ്മ-
    ളേവരും ഈ ഭൂവിലേകരാണ്
    എന്നാല്‍ ഈ ബൂലോകത്ത് അങ്ങിനെ അല്ല എന്നത് പ്രചോദനമാവട്ടേ എന്ന് ആശംസിക്കുന്നു.

    എല്ലാഭാവുകങ്ങളും നേരുന്നു..
    മനോഹരമായ കവിത.

    ReplyDelete
  3. welcom to blog world. nice play
    wish u all the best!!!!

    ReplyDelete
  4. വായിച്ചു......നല്ല കവിത.ഇനിയും എഴുതുക.ആശംസകള്

    ReplyDelete
  5. അല്ല.. ഭൂമിയിലേകയാവില്ല.. ബൂലോഗം കൂടെയുള്ളപ്പോൾ.. ബൂലോഗത്തേക്ക് തനിയെ നടന്ന് കയറി, ഒരു വൻ സൗഹൃദ വലയവുമായി ജീവിക്കാൻ കഴിയട്ടേ. ഈ അരങ്ങേറ്റം കരുത്തുള്ള വരികൾ കൊണ്ട് സമ്പന്നമാക്കിയ വാവാച്ചിക്ക് അഭിനന്ദനങ്ങൾ...

    ഇനിയും മനോഹരമായ കവിതകൾ പ്രതീക്ഷിക്കുന്നു.

    സസ്നേഹം
    നരിക്കുന്നൻ

    ReplyDelete
  6. വളരെ മനോഹരമായ കവിത. നല്ല ശൈലി. ഇനിയും എഴുതുക, ഒരുപാട്

    ReplyDelete
  7. പിറവിതൊട്ടവസാനമാകും വരെ നമ്മ-
    ളേവരും ഈ ഭൂവിലേകരാണ്

    ആശയ സമ്പുഷ്ടം
    ചടുലമായ വരികള്‍

    തുടര്‍ന്നെഴുതുക

    ReplyDelete
  8. കവിതയും എഴുത്തുമായി ബൂലോകത്ത് ഒരുപാട് കൂട്ടുകാരുടെ ഇടയില്‍ ജീവിക്കുമ്പോഴും എഴുത്തില്‍ ഏകയായി വേറിട്ട്‌ നില്‍ക്കാനാകട്ടെ!

    സ്വാഗതം.

    ReplyDelete
  9. തുടർന്നും എഴുതുക.നന്നായിട്ടുണ്ട്.

    ReplyDelete
  10. ബൂലോകത്തിലേക്ക് സ്വാഗതം..

    ReplyDelete